ബംഗളൂരു: കർണാടകയിൽ രണ്ട് ജനതാദൾ എസ് എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. ഇക്കാര്യം എച്ച് ഡി കുമാരസ്വാമി തന്നെ വ്യക്തമാക്കി.
ഹൈദരാബാദിൽ എംഎൽഎമാരുടെ യോഗം ചേർന്ന ശേഷമാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കോൺഗ്രസ് എംഎൽഎയും ബിജെപിക്കൊപ്പമാണെന്നാണ് സൂചന.
അതേസമയം പ്രോടേം സ്പീക്കറായി കെ ജി ബൊപ്പയ്യയെ തെരഞ്ഞെടുത്തതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി തളളി. ഹർജി നാളെ രാവിലെ 10.30 ന് പരിഗണിക്കും.
നേരത്തെ, പ്രതീക്ഷിച്ചതിലേറെ എം എൽ എ മാരുടെ പിന്തുണ ബിജെപിക്കുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് 101 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.