തിരുവനന്തപുരം: നിപ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷമ നിരീക്ഷണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സ്ഥിതിഗതികള്‍ ചീഫ്സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സര്‍ക്കാര്‍ മുഖേന എത്തിച്ച മരുന്നുകള്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണംചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എം.പി.മാര്‍, എംഎല്‍എമാര്‍ എന്നിവരുടെ യോഗം കോഴിക്കോട് കലക്ടറേറ്റില്‍ ചേരും. നിലവില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.