India

വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ഇന്ത്യ-പാകിസ്ഥാന്‍ ധാരണ

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായി. ഹോട്ട്‌ലൈനിലൂടെ ഇന്ത്യയുടെയും പാകിസ്ഥാന്റേയും സൈനിക ഓപ്പറേഷന്‍സ് മേധാവിമാര്‍ നടത്തിയ ചര്‍ച്ചയില്‍ 2003ല്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കാനാണ് തീരുമാനമായത്. രണ്ടാഴ്ചയിലേറെയായി പാകിസ്ഥാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതിനിടെയാണ് സമാധാനശ്രമവുമായി ഇന്ത്യ-പാകിസ്ഥാന്‍ ധാരണ.

ഇരു രാജ്യങ്ങളുടെയും മേധാവിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്നും, അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനും അവിടെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുമെന്നും പാക് സൈനിക വക്താവ് അറിയിച്ചു.

വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ അടിയന്തിര ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരം ഉറപ്പാക്കും.

ഈ വര്‍ഷം മാത്രം 1250ലധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് രേഖകള്‍. 2017ല്‍ 971 തവണയും, 2016ല്‍ 449 തവണയും, 2015ല്‍ 405 തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

റംസാന്‍ മാസത്തില്‍ ഇന്ത്യ ഇത്തരം ഓപ്പറേഷനുകള്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷം പാകിസ്ഥാന്റെ ഭാഗത്തു നിന്നും വലിയ രീതിയിലാണ് ആക്രമണങ്ങള്‍ ഉണ്ടായത്. റംസാന്‍ മാസത്തില്‍ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്ന കശ്മീര്‍ സര്‍ക്കാരിന്റെ പ്രസ്താവന മാനിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

പാക് പ്രകോപനം തുടര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രതിരോധം താങ്ങാനാകാതെ വന്നതോടെ ബിഎസ്എഫ് ജമ്മു ആസ്ഥാനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ വെടിവയ്പ്പ് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പാക് സൈനിക പോസ്റ്റുകളും ബങ്കറുകളും ഇന്ത്യയുടെ പ്രത്യാക്രണത്തില്‍ തകരുകയും വലിയ തോതില്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. നാശനഷ്ടങ്ങള്‍ ഉണ്ടായതോടെ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥനയുമായി പാക് സേന ഇന്ത്യയെ സമീപിച്ചിരുന്നു. ഇതിനു ശേഷവും തുടര്‍ച്ചയായി രണ്ടാഴ്ചയോളം പാകിസ്ഥാന്റെ ഭാഗത്തു നിന്നും വെടിവയ്പ്പ് തുടര്‍ന്നിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം പതിനഞ്ചലധികം പ്രദേശവാസികളാണ് മരിച്ചത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിങ്ങിനെയും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടന്നത്

559 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close