ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരായ ആരോപണങ്ങളില്‍ മാപ്പ് പറഞ്ഞ് ആം ആദ്മി പാര്‍ട്ടി വിമത നേതാവ്. ആപ്പ് അംഗം കുമാര്‍ ബിശ്വാസാണ് ജെയ്റ്റ്ലിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. ആറ് ആപ്പ് നേതാക്കള്‍ ഉന്നയിച്ച ആരോപണത്തില്‍ നിന്നും കുമാറൊഴികെ എല്ലാവരും മാപ്പ് പറഞ്ഞ് പിന്‍വാങ്ങിയിരുന്നു.
ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതി പ്രസിഡന്റായിരുന്ന സമയത്ത് ജെയ്റ്റ്ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ആപ്പ് നേതാക്കളുടെ ആരോപണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, രാഘവ് ഛന്ദ, സഞ്ജയ് സിങ്, അശുതോഷ്, ദീപക് വാജ്പേയി, കുമാര്‍ ബിശ്വാസ് എന്നിവരാണ് ആരോപണം ഉന്നയിച്ചത്.
എന്നാല്‍ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ജെയ്റ്റ്ലി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 10 കോടി രൂപ നഷ്ടപരിഹാരം ആപ്പ് നേതാക്കള്‍ നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്.
ഇതോടെ കുമാര്‍ ബിശ്വാസ് ഒഴികെയുള്ള നേതാക്കളെല്ലാം ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. ഒടുവിലാണ് കുമാര്‍ ബിശ്വാസും ആരോപണം പിന്‍വലിച്ച് മാപ്പപേക്ഷിച്ചത്. ഇത് ജെയ്റ്റ്ലി അംഗീകരിച്ചതോടെ കേസ് ഒത്തു തീര്‍ന്നു.
പരാമര്‍ശം കൊണ്ട് അരുണ്‍ ജെയ്റ്റ്ലിക്കും കുടുംബത്തിനും എന്തെങ്കിലും മാനഹാനി ഉണ്ടായിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു അപേക്ഷയില്‍ ഉണ്ടായിരുന്നത്. ജെയ്റ്റ്ലിയുടെ അഭിഭാഷകരും മാപ്പപേക്ഷ അംഗീകരിച്ചു.