ജക്കാര്‍ത്ത: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്തൊനേഷ്യക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള വാണിജ്യ സഹകരണം വിപുലപ്പെടുത്തും. ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇന്ത്യയും ഇന്തൊനേഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെയാണ് പ്രധാനമന്ത്രി ഇന്തൊനേഷ്യയിലെത്തിയത്. സാംസ്കാരികമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇന്തൊനേഷ്യയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്നെ ഇന്തൊനേഷ്യയിലേക്ക് സ്വാഗതം ചെയ്ത ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വി ഡോഡോയ്ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇതാദ്യമായാണ് മോദി ഇന്തൊനേഷ്യയിലെത്തിയത്.
പ്രതിരോധം, സയന്‍സ്, ടെക്നോളജിക്കല്‍ കോ-ഓപ്പറേഷന്, റെയില്‍വേ, ആരോഗ്യം എന്നീ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് 15ഓളം കരാറുകളിലും പ്രധാനമന്ത്രി ഒപ്പു വച്ചു. 50 ബില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ക്കും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
തുടര്‍ന്ന് കാലിബാത ഹീറോസ് സ്മാരകത്തിലും പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു.
ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.