ന്യൂഡല്‍ഹി: വാട്സ്ആപ്പിനോട് മത്സരിക്കാന്‍ പുതിയ മെസേജിങ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി ബാബ രാംദേവ്. കിംഭോ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നതിനു തൊട്ടു പിന്നാലെയാണ് മെസേജിങ് ആപ്ലിക്കേഷനായ കിംഭോയും പുറത്തിറക്കിയിരിക്കുന്നത്. ‘ഹൗ ആര് യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്കൃത പരിഭാഷയാണ് ‘കിം ഭോ’.
വാട്സ്ആപ്പിന് കിംഭോ കടുത്ത മത്സരം നല്‍കുമെന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും പതഞ്ജലിയുടെ വക്താവ് എസ്.കെ.തിജരവാല ട്വീറ്റ് ചെയ്തു.
വാട്സ്ആപ്പിലേതിനു സമാനമായി പ്രൈവറ്റ്, ഗ്രൂപ്പ് ചാറ്റ് സൗകര്യവും വീഡിയോ കോളിങ് സൗകര്യവും കിംഭോയിലുണ്ടാകും. ഇതിനു പുറമെ ഓഡിയോ, ഫോട്ടോസ്, സ്റ്റിക്കേഴ്സ്, ഖ്വിക്കീസ്, ലൊക്കേഷന്‍, തുടങ്ങിയ ഫീച്ചേഴ്സും ഇതിലുണ്ടാകും.
അബ് ഭാരത് ബോലേഗ എന്ന ടാഗ് ലൈനോടെയാണ് കിംഭോ പുറത്തിറങ്ങിയത്.
ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് പതഞ്ജലി ഗ്രൂപ്പ് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. 144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വിളിക്കാം. 2 ജിബി ഡാറ്റയും 100 എസ്എംഎസും ഇതിനൊപ്പം ലഭിക്കും. ആദ്യഘട്ടത്തില്‍ പതഞ്ജലിയിലെ ജീവനക്കാര്‍ക്കു മാത്രമാണ് സിംകാര്‍ഡ് ലഭിക്കുക. ഇതിനു ശേഷം മാത്രമെ ഇത് പൊതു ജനങ്ങളിലേക്ക് എത്തുകയുള്ളു.