ന്യൂഡല്‍ഹി: പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബാബാ രാംദേവിന്റെ കിംഭോ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായതായി പരാതി. വാട്സ് ആപ്പിനെ വെല്ലുവിളിച്ചു കൊണ്ട് പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മെസേജിങ് ആപ്ലിക്കേഷനാണ് കിംഭോ. ബുധനാഴ്ചയാണ് ഈ ആപ്പ് പുറത്തിറക്കിയത്.
ഐഒഎസ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. കിംഭോ വാട്സ്ആപ്പിനു വെല്ലവിളിയാകുമെന്നും പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും പതഞ്ജലി വക്താവ് എസ്.കെ.തിജര്‍വാല ട്വീറ്റ് ചെയ്തിരുന്നു.
സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നതിനു തൊട്ടു പിന്നാലെയാണ് മെസേജിങ് ആപ്ലിക്കേഷനായ കിംഭോയും പുറത്തിറക്കിയത്. വാട്സ്ആപ്പിലേതിനു സമാനമായി പ്രെെവറ്റ് , ഗ്രൂപ്പ് ചാറ്റ് സൗകര്യവും വീഡിയോ കോളിങ് സൗകര്യവും കിംഭോയിലുണ്ടാകുമെന്നും വക്താക്കള്‍ പറഞ്ഞിരുന്നു.
ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് പതഞ്ജലി ഗ്രൂപ്പ് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് മെസേജിങ് ആപ്ലിക്കേഷനും പുറത്തിറക്കിയത്. 144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വിളിക്കാം. 2 ജിബി ഡാറ്റയും 100 എസ്എംഎസും ഇതിനൊപ്പം ലഭിക്കും. ആദ്യഘട്ടത്തില്‍ പതഞ്ജലിയിലെ ജീവനക്കാര്‍ക്കു മാത്രമാണ് സിംകാര്‍ഡ് ലഭിക്കുക. ഇതിനു ശേഷം മാത്രമെ ഇത് പൊതു ജനങ്ങളിലേക്ക് എത്തുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞിരുന്നു.