ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതിയായ അഹ്മദ് മുഹമ്മദ് ലംബുവിനെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടി. ഗുജറാത്തിലെ ധരിയ ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഒളിസങ്കേതത്തെക്കുറിച്ച് എറ്റിഎസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 93ലെ സ്ഫോടനത്തിന് ശേഷം രാജ്യം വിട്ട അഹ്മദ് അടുത്തിടെയാണ് ഇന്ത്യയില്‍ തിരികെ എത്തിയത്.
അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയാണ് അഹ്മദ്. സിബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള ഇയാളുടെ തലക്ക് അഞ്ചു ലക്ഷം രൂപ വിലയിട്ടിരുന്നു.അഹ്മദിനെ ഇപ്പോള്‍ അഹമ്മദാബാദിലെ എറ്റിഎസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കു മാറ്റിയിരിക്കുകയാണ്.
1993ല്‍ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ തുടര്‍ച്ചയായ 12ഓളം സ്ഫോടനങ്ങളാണ് ഉണ്ടായത്. 257ഓളം പേര് മരിക്കുകയും 700ഓളം പേര്‍ക്ക് ഈ സ്ഫോടനങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണപരമ്പരകള്ക്കു ശേഷം ദാവൂദ് ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തു നിന്നും രക്ഷപെടുകയായിരുന്നു.