കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ കോട്ടയം എസ്പിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍. സംഭവം നടക്കുന്ന സമയത്ത് കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ മാതാവ് രഹ്നയുടെ ബന്ധുവാണെന്നാണ് വിവരം. എ.എസ്.ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്ഐ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നേരിട്ട് ഇടപെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം നല്കി തങ്ങളെ മാത്രം കേസില്‍ ബലിയാടാക്കുന്നുവെന്ന് ബിജുവിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. എസ്പിക്ക് കേസില്‍ നേരിട്ട് ബന്ധമുണ്ടാകാനുള്ള സാധ്യതയും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
അതേസമയം കേസ് സംബന്ധിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതും എസ്.പി മുഹമ്മദ് റഫീഖ് തന്നെയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.