ന്യൂഡല്‍ഹി: 2013ലെ ബോധ്ഗയ ബോംബ് സ്ഫോടന കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബിഹാറിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ജൂലായ് ഏഴിനാണ് ബിഹാറിലെ ബോധ്ഗയ മഹാബോധി ബുദ്ധ വിഹാരത്തില്‍ സ്ഫോടനം നടന്നത്. രണ്ട് ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലീങ്ങളെ കൊലപ്പെടുത്തിയത്തിന് പ്രതികാരമായാണ് സ്ഫോടനം നടത്തിയതെന്നു പ്രതികള്‍ വിചാരണക്കിടെ വ്യക്തമാക്കിയിരുന്നു. കേസിലെ അഞ്ചു പ്രതികളും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ട അഞ്ചു പ്രതികളും.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ബോധ്ഗയ. ശ്രീ ബുദ്ധന് ബോധോദയം ഉണ്ടായ ബോധി വൃക്ഷവും ഈ ബുദ്ധ വിഹാരത്തിലാണ്.