കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി. സുരേഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരുടെ ജാമ്യഹര്‍ജിയാണ് തള്ളിയത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പ്രതിപ്പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍ ജാമ്യത്തിലിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതി നടപടി. പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നുവെന്ന കാര്യവും കോടതി മുഖവിലയ്ക്കെടുത്തു. തുടര്‍ന്നാണ് സുരേഷ്, സുമേഷ്, ജിതിന്‍രാജ് എന്നീ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജി തള്ളിയത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ണായക നടപടി.
അതേസമയം ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കൃത്യത്തിനായി നിയോഗിച്ച മുന്‍ ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്ജിനെതിരെ കാര്യമായ നടപടികള്‍ ഒന്നും തന്നെ ഇതുവരെയും ഉണ്ടായിട്ടില്ല. ഒന്നിലേറെത്തവണ ചോദ്യം ചെയ്തതൊഴിച്ചാല്‍ കര്‍ശനമായ വകുപ്പുകളിട്ട് കേസ് എടുക്കുകയുണ്ടായില്ല.
കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ മുന്‍ എസ്ഐ ദീപക്കിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. ഇതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന് ആലുവ റൂറല്‍ പോലീസ് ക്ലബ്ബില്‍ അനുവദിച്ചിരുന്ന സൗകര്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.