ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് പി ചിദംബരത്തിന് സി ബി ഐ നോട്ടീസ് അയച്ചു. ജൂൺ ആറിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ പി ചിദംബരം മുൻകൂർ ജാമ്യം നേടിയിരുന്നു.
2007 ൽ ഐഎൻഎക്സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോഡിന്റെ അനുമതി ലഭിച്ചതിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സി ബി ഐ കേസെടുക്കുന്നത്. 305 കോടി രൂപ വിദേശ നിക്ഷേപം ഐഎൻഎക്സ് മീഡിയക്ക് ലഭിച്ചതിൽ ക്രമക്കേട് ഉണ്ടെന്നതാണ് കേസ്.
പി ചിദംബരം ധനമന്ത്രിയായിരുന്ന ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഇടപാട് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം കഴിഞ്ഞ ഫെബ്രുവരി 28 ന് അറസ്റ്റിലായിരുന്നു. അനധികൃതമായി ഇടപാട് നടത്തുന്നതിന് ഇടനിലക്കാരനായി നിന്ന് പത്ത് ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന കേസിലാണ് കാർത്തി ചിദംബരം അറസ്റ്റിലായത്.
അന്വേഷണം ശക്തമായതിനെ തുടർന്ന് പി ചിദംബരം മുൻകൂർ ജാമ്യാപേക്ഷ നൽകി. ജൂൺ മൂന്ന് വരെ ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിൽ നിന്നും സിബിഐയെ കോടതി വിലക്കിയിരുന്നു. ഇതേത്തുടർന്നാണ് ജൂൺ ആറിന് ഹാജരാകാനാവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചത്.