കൊച്ചി: കൊച്ചി ജനം ടിവി ഓഫീസ് ആക്രമണത്തിലെ പ്രതികള്‍ക്ക് സിപിഎം ബന്ധം. പ്രതികള്‍ക്ക് ജാമ്യമെടുക്കാന്‍ സഹായിച്ചത് സിപിഎം പള്ളുരുത്തി ലോക്കല്‍ കമ്മിറ്റിയംഗം സോണിയെന്ന് വിവരം. അതേസമയം മാദ്ധ്യമ സ്ഥാപനം പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എളമക്കര പൊലീസ് പ്രതികളെ സഹായിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
https://www.youtube.com/watch?v=S24lcNIkFJI
ഓഫീസ് ആക്രമണക്കേസിലെ പ്രതികളായ അഴകിയകാവ് ക്ഷേത്രം ഭാരവാഹികള്‍ ഉദയന്‍, ഷൈന്‍, രാമറാവു എന്നിവരെ രാത്രിയില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ജാമ്യം തരപ്പെടുത്തിയത് സിപിഎം നേതാക്കളാണെന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. സിപിഎം പള്ളുരുത്തി ലോക്കല്‍ കമ്മിറ്റിയംഗം സോണിയാണ് സംഭവത്തില്‍ ഇടപെട്ടത്. കേസിലെ പ്രതിയായ ഉദയന്‍ സജീവ സിപിഎം പ്രവര്‍ത്തകനാണ്. മറ്റ് പ്രതികളായ ഷൈന്‍ സോണിയുടെ അടുത്ത സൃഹൃത്തും, രാമറാവു മുന്‍ സിപിഎം അനുഭാവിയുമാണ്. ക്ഷേത്രഭരണ സമിതിയംഗം ശ്രീകാന്ത് കമ്മത്താണ് ഇവര്‍ക്കായി ജാമ്യം നിന്ന മറ്റൊരാള്‍.
അതേസമയം പട്ടാപ്പകല്‍ കൊച്ചി നഗരത്തില്‍ മാദ്ധ്യമസ്ഥാപനം ആക്രമിക്കപ്പെട്ടിട്ടും നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രാത്രി തന്നെ പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
തൃക്കാക്കര എസിപി പി.പി.ഷംസ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നെങ്കിലും കേസില്‍ എളമക്കര പൊലീസ് വേണ്ടത്ര ഗൗരവം കാട്ടിയില്ല. സിപിഎം അനുഭാവികള്‍ പ്രതികളായതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്.