തിരുവനന്തപുരം: നിപ്പാ മുൻകരുതൽ മാസ്കുകളും കയ്യുറയും ധരിച്ച് കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള നിയമസഭയിലെത്തിയത് ചോദ്യോത്തര വേളയിൽ ബഹളം സൃഷ്ടിച്ചു. അബ്ദുള്ളയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞു. പ്രതീകാത്മകമായിട്ടാണ് മാസ് ക് ധരിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
ചോദ്യോത്തരവേളക്കിടെയാണ് കുറ്റിയാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള മാസ്കും കയ്യുറയും ധരിച്ചിരിക്കുന്നത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടത്. സരസമായിട്ടായിരുന്നു സ്പീക്കറുടെ ഇടപെടലെങ്കിലും ഭരണപക്ഷം പക്ഷെ അബ്ദുള്ളയെ കടന്നാക്രമിച്ചു.
അബ്ദുള്ളയുടെ നടപടി അപഹസ്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. മാതൃകാപരമായി നടന്ന നിപ്പാ പ്രതിരോധ പ്രവർത്തനങ്ങളെ അപഹസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടിച്ചേർത്തു.
കോമാളി വേഷമെന്ന് ഭരണപഷം കളിയാക്കിയതോടെ സഭയിൽ ഭരണ പ്രതിപക്ഷ ബഹളം. പിന്നാലെയെത്തിയ പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തോടെ ബഹളമൊഴിഞ്ഞ് സഭാ നടപടികൾ തുടർന്നു.