കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ദുരഭിമാന അക്രമത്തിന് ഇരയായ മിശ്ര വിവാഹിതര്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര് രംഗത്ത്. ബിജുവിനും ഷംനയ്ക്കും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ജനം ടിവിയാണ് ഇവരുടെ നിസഹായാവസ്ഥയെ കുറിച്ച് വാര്‍ത്ത പുറത്തു വിട്ടത്. സഹായ വാഗ്ദാനവുമായി സംഘ പ്രസ്ഥാനങ്ങളും രംഗത്തുണ്ട്.
മിശ്ര വിവാഹിതയായ യുവതി മതം മാറുമെന്ന് ആരോപിച്ചാണ് ആക്രമികള്‍ ഭര്‍ത്താവിനെയും കൂടുംബത്തിനെയും മര്‍ദ്ദിച്ചതും വീട് തല്ലി തകര്‍ത്തതും. ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചുവെന്ന കുറ്റത്തിനാണ് ഷംന ബിജു ദമ്പതികള്‍ ഇപ്പോഴും ദുരിതജീവിതം നയിക്കുന്നത്. 6 വര്‍ഷം മുമ്പ് മിശ്രവിവാഹിതരായതാണ് ഈ ദമ്പതികള്‍. ഇതിനിടെ ഷംന അമ്പലത്തില്‍ പോയതിന് മതം മാറ്റുന്നുവെന്ന് ആരോപിച്ച് മുസ്ലിം സമുദായംഗമായ ഷംനയുടെ കുടുംബം ബിജുവിനെയും കുടുംബാംഗങ്ങളെയും തല്ലിച്ചതച്ചു. ഇതിന് ശേഷം വീടും തല്ലിത്തകര്‍ത്തു.
പരാതിയുമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയ ഷംനയോടും കുടുംബാംഗങ്ങളോടും ആശുപത്രിയില്‍ അഡ്മിറ്റാകാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് നാല് ദിവസം മുന്‍പ് ഇവരെ ഡിസ്ചാര്‍ജജ് ചെയ്തു. പക്ഷെ പോകാന്‍ ഒരു വീടില്ലാത്തതിനാല്‍ ആശുപത്രിയില്‍ കഴിയുകയാണ് ഈ കുടുംബം.
സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരിടം അതാണ് ഈ കുടുംബത്തിന്റെ അടിയന്തര ആവശ്യം. നിയമ നടപടികളുമായി മുന്നോട്ട് പോകാനും ഇവര്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണം.