മലപ്പുറം : എടപ്പാളിലെ തീയേറ്ററില്‍ പത്ത് വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ കേസെടുക്കാന്‍ മടി കാട്ടിയ ചങ്ങരംകുളം എസ്.ഐയെ അറസ്റ്റ് ചെയ്തു.
ചങ്ങരംകുളം എസ്.കെ.ജി ബേബിയാണ് അറസ്റ്റിലായത്. പോക്സോ കേസിലെ 19, 21, 21(1), ഐ.പി.സി 166 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ്.ഐക്കെതിരേ കേസെടുത്തിരുന്നത്.ഈ വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ അറസ്റ്റും.
സംഭവത്തെ തുടർന്ന് സസ്പെൻഷനിലായിരുന്നു എസ്.കെ.ജി ബേബി. പോക്സോ കേസ് പ്രകാരം ഒരു പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. ഇതിന്റെ നഗ്നമായ ലംഘനം എസ് ഐ നടത്തിയതായി കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത ശേഷം എസ്.ഐയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സഹായിച്ച തീയേറ്റര്‍ ഉടമ സതീഷിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുകയും നടപടി വലിയ വിവാദത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ മുഖം രക്ഷിക്കൽ നടപടി.