മലപ്പുറം: പ്രധാനമന്ത്രിയോടൊപ്പം സംഭാഷണങ്ങളില്‍ പങ്കാളികളായതിന്റെ ആഹ്ലാദത്തിലാണ് കൊണ്ടോട്ടി നഗരസഭയിലെ ഒരു കൂട്ടം സ്ത്രീകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ മികച്ച പ്രകടനം കാഴ്ച വച്ച കൊണ്ടോട്ടി നഗരസഭയിലെ 15 വീട്ടമ്മമാരാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രിക്കൊപ്പം ഒരു മണിക്കൂറോളം ചിലവഴിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കാളികളായി.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെങ്കിലും പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഇവര്‍ കരുതുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന മികച്ച രീതിയിലാണ് കൊണ്ടോട്ടി നഗരസഭ നടപ്പാക്കിയത്. ഇതിനകം 65 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി
മലപ്പുറം കളക്ട്രേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററില്‍ വച്ചായിരുന്നു വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. പദ്ധതിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന അവലോകനത്തോടൊപ്പമായിരുന്നു ഗുണഭോക്താക്കളുമായുള്ള സംവാദം.