ന്യൂഡല്‍ഹി: തീവണ്ടികളില്‍ നല്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ച് ഗുണമേന്മ കൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്. തീവണ്ടിയില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് പുതിയ പരിഷ്കാരങ്ങള്‍. രാജധാനി, ശതാബ്ദി പോലെയുള്ള പ്രീമിയം ട്രെയിനുകളില്‍ നിന്ന് ഇത് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
ഭക്ഷണത്തിന്റെ അളവില്‍ 150 ഗ്രാം വരെ ഇത്തരത്തില്‍ വ്യത്യാസമുണ്ടാകും. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു പകരം വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ കോംബോകളും യാത്രക്കാര്‍ക്ക് ലഭിക്കും.
നിലവിലുള്ള 900 ഗ്രാമില്‍ നിന്നും 750 ഗ്രാമാക്കാനാണ് നിര്‍ദേശം. സാധാരണ ഇന്ത്യന്‍ ഡയറ്റിന് ചേര്‍ന്ന അളവ് എന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാണിത്. പരിപ്പുകറി 150 ഗ്രാമില്‍ നിന്ന് 100-120 ഗ്രാമിലേക്ക് കുറയും. എല്ലുള്ള ചിക്കന്‍ ഒഴിവാക്കി എല്ലില്ലാത്ത ചിക്കന്‍ കറി, ഉണങ്ങിയ പച്ചക്കറികള്‍ എന്നിവയും ഉള്‍പ്പെടുത്തും.
ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡിന് അയച്ചിട്ടുണ്ടെന്നും ഐആര്‍സിടിസി അറിയിച്ചു.
അതേ പോലെ തന്നെ പ്ലാസ്റ്റിക്കുകളില്‍ പൊതിഞ്ഞു നല്കുന്ന ഭക്ഷണം പ്രകൃതിസൗഹൃദമായ രീതിയില്‍ നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. ശുചിത്വം ഉറപ്പു വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.