മീററ്റ്: ഉത്തര്‍പ്രദേശിലെ സിനാവുലി ഗ്രാമത്തില്‍ നിന്നും വെങ്കലയുഗത്തിലേതെന്നു(2000-1800 ബി.സി) കരുതുന്ന രഥം കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തിലാണ് രഥം കണ്ടെത്തിയത്. ചെമ്പു കൊണ്ടുള്ള അലങ്കാരപ്പണികള്‍ നടത്തിയ രഥമാണിത്. ചെമ്പ്-വെങ്കല യുഗത്തിലെ ഈ പ്രദേശത്തെ സംസ്കാരത്തെയും ജനങ്ങളെയും കുറിച്ചറിയാനും കൂടുതല്‍ പഠനം നടത്താനും ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് എഎസ്ഐ സംഘം പറഞ്ഞു.
ധാരാളം പുരാവസ്തുക്കള്‍ ഇതിനു മുന്‍പും ലഭിച്ചിട്ടുള്ള പ്രദേശമാണിത്. കഴിഞ്ഞ മൂന്നു മാസമായി സംഘം ഈ മേഖലയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതാദ്യമായാണ് ഇവിടെ നിന്നും രഥം കണ്ടെടുത്തത്. ഈ മൂന്നു മാസത്തിനിടയില്‍ മൂന്നു ശവപ്പെട്ടികള്‍, വാളുകള്‍, ആഭരണങ്ങള്‍, ചീപ്പ് മുതലായവ കണ്ടെടുത്തിട്ടുണ്ട്. മറ്റു ചില കണ്ടെത്തലുകള്‍ ഈ പ്രദേശത്ത് വലിയ തോതില്‍ യോദ്ധാക്കള്‍ ഉണ്ടായിരുന്നതായി സൂചന നല്കുന്നു.
2005 മുതലാണ് ഇവിടെ ഖനനം തുടങ്ങിയത്. ഇതുവരെ 116ഓളം ശവമഞ്ചങ്ങള്‍ ഇവിടെ നിന്നും കണ്ടത്തിയിട്ടുണ്ട്. വാളുകളും, മണ്‍പാത്രങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ശവപ്പെട്ടികള്‍. കണ്ടെടുത്തവയില്‍ പലതും ഹാരപ്പന്‍ സംസ്കാരവുമായി സാദൃശ്യം ഉള്ളവയായിരുന്നു.
ഹാരപ്പയില്‍ നിന്നുള്ളവര്‍ യമുനാതടങ്ങളിലേക്കും മറ്റ് ഭാഗത്തേക്കും കുടിയേറിയപ്പോള്‍ ഉണ്ടായ സാദൃശ്യമാകാം ഇതെന്നും സംഘത്തിലെ അംഗമായ മഞ്ചുള് പറഞ്ഞു.