ബംഗലുരു: 40 റോക്കറ്റുകളുടെ വിക്ഷേപണത്തിനായി 10,911 കോടി രൂപയുടെ സാമ്പത്തിക സഹായം നല്കാന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. 30 പിഎസ്എല്‍വി റോക്കറ്റുകളും 10 ജിഎസ്എല്‍വി എംകെ 3 റോക്കറ്റുകളും വിക്ഷേപിക്കുന്നതിനാണ് തുക.
ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമുള്ള റോക്കറ്റാണ് ജിഎസ്എല്‍വി എംകെ 3 റോക്കറ്റുകള്‍. ഇത്തരത്തിലുള്ള 10 റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി 4338 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നാല് ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ഇതിന് സാധിക്കും. ഈ ടെക്നോളജിയിലൂടെ കൂടുതല്‍ ഭാരമുള്ള റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ വിദേശരാജ്യങ്ങളുടെ സഹായം തേടുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്ന് പിഎംഒയിലെ മന്ത്രിയായ ജിതേന്ദ്ര സിങ് പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും തദ്ദേശീയമായാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി മോദി സര്‍ക്കാരിന്റെ കീഴില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നെന്നും ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു. ചെറു ഉപഗ്രഹങ്ങള്‍ക്കു പുറമെ നാല് ടണ്‍ ഭാരമുള്ള ജിഎസ്എല്വിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
30 പിഎസ്എല്‍വി റോക്കറ്റുകള്‍ക്കു വേണ്ടി 6573 കോടിയും അനുവദിച്ചിട്ടുണ്ട്. അധികം വൈകാതെ ഐഎസ്ആര്‍ഒയുടെ പര്യവേഷണ പരിപാടികളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനും പദ്ധതിയുണ്ട്. ഒക്ടോബര്‍നവംബര്‍ മാസത്തോടു കൂടി ചന്ദ്രയാന്‍ 2 വിക്ഷേപണം നടക്കുമെന്നും, രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളില്‍ ഇത് ഒരു നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐസ്ആര്‍ഒയെ സംബന്ധിച്ച് ഇത് ഏറെ സന്തോഷമുള്ള മുഹൂര്‍ത്തമാണെന്നും, കേന്ദ്ര ഗവണ്മെന്റ് പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകള്‍ക്ക് തുക അനുവദിച്ചത് ദൗത്യത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു. സാധാരണക്കാരനും ഏറെ പ്രയോജനം ചെയ്യുന്ന ദൗത്യമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില കാഴ്ചപ്പാടുകളാണ് തുക അനുവദിക്കാന്‍ സഹായകമായത്. സാമൂഹ്യ വികസന പരിപാടികളില്‍ ബഹിരാകാശ സാങ്കേതികവിദ്യ വലിയ തോതില്‍ ഉപയോഗപ്പെടുത്തണമെന്ന ചിന്തയാണ് ഇതിന് പിന്നിലെന്നും കെ.ശിവന് പറഞ്ഞു.