ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥയെന്ന് കാണിച്ച് തെറ്റായ വീഡിയോ ട്വീറ്റ് ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടി ശബാന അസ്മി. റെയില്‍വേയുടെ അവസ്ഥ പിയൂഷ് ഗോയല്‍ കാണു എന്ന് പറഞ്ഞ് കൊണ്ടാണ് ശബാന വീഡിയോ പോസ്റ്റ് ചെയ്തത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചീത്ത വെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ജോലിക്കാര്‍ ഓടയില്‍ നിന്നാണ് പാത്രം കഴുകാനുള്ള വെള്ളം എടുക്കുന്നത്.
ഈ വീഡിയോ ട്വീറ്റ് ചെയ്ത ശേഷമാണ് റെയില്‍വേയുടെ അവസ്ഥ മന്ത്രി കാണണമെന്ന നിര്‍ദേശം ശബാന ട്വീറ്റ് ചെയ്തത്. മന്ത്രി പീയുഷ് ഗോയലിനു പുറമെ റെയില്‍വേ മന്ത്രാലയത്തെയും ശബാന ടാഗ് ചെയ്തിരുന്നു.
എന്നാല്‍ ശബാന ട്വീറ്റ് ചെയ്ത ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ മലേഷ്യയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു. ഇത് വിശദമാക്കിക്കൊണ്ട് റെയില്‍വേ മന്ത്രാലയം തന്നെ രംഗത്തു വന്നു. കോലാലംപൂരിലെ രാജ്സ് ബനാന റെസ്റ്റോറന്റില്‍ നിന്നുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. പത്രത്തില്‍ ഈ ഹോട്ടലിനെ കുറിച്ച് വന്ന വാര്‍ത്തയും, സിറ്റി കൗണ്‍സില്‍ ഈ ഹോട്ടല്‍ അടച്ചു പൂട്ടിയതായി കാണിച്ചുകൊണ്ടുള്ള വാര്‍ത്തയും മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്.
https://twitter.com/AzmiShabana/status/1003878545955778560
Mam, video is of Malaysian eatery which faces closure after video shows workers washing dishes in puddle of murky water: Link News is https://t.co/n6U2f9fMP0
— Ministry of Railways (@RailMinIndia) June 5, 2018
യാഥാര്‍ത്ഥ്യമറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ ശബാനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ട്വിറ്ററിലും, ഫേസ്ബുക്കിലും ഇവര്‍ക്കെതിരെ ധാരാളം ട്രോളുകളും വരുന്നുണ്ട്. റെയില്‍വേ മന്ത്രാലയം ഇവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും പലരും നിര്‍ദേശിക്കുന്നുണ്ട്.
വിമര്‍ശനം കനത്തതോടെ വിഷയത്തില്‍ മാപ്പ് പറഞ്ഞ് ശബാന തടിതപ്പുകയായിരുന്നു. വിശദീകരണത്തിന് നന്ദിയുണ്ട്, ഞാനെന്റെ തെറ്റ് തിരുത്തുകയാണെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് ശബാന കുറിച്ചത്. ഇതിനു ശേഷം ക്ഷമ ചോദിച്ച് ശബാന മറ്റൊരു ട്വീറ്റുമിട്ടു. നിര്‍ബാധം ക്ഷമ ചോദിക്കുന്നുവെന്നും ഞാനെന്റെ ഭാഗം തിരുത്തുന്നുവെന്നുമായിരുന്നു ട്വീറ്റ്.