ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിനില്‍ നിന്നും വംശീയ അധിക്ഷേപം നടത്തി ഗാന്ധിജിയെ പുറത്താക്കിയതിന്റെ 125ാം വാര്‍ഷികത്തില്‍ അതേ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. ബ്രിട്ടീഷുകാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വര്‍ണ വിവേചനവും വംശീയ അധിക്ഷേപങ്ങളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലുമായാണ് ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികളും ഇന്ത്യന്‍ പ്രതിനിധികളും യാത്ര നടത്തിയത്.
1893 ജൂണ്‍ 7നാണ് വക്കീലായിരുന്ന ഗാന്ധിജിയെ ട്രെയിനിന്റെ ഒന്നാം ക്ലാസ് കമ്പാര്‍ട്മെന്റില്‍ നിന്ന് പുറത്താക്കുന്നത്. ‘കറുത്തവനെന്ന’ പരിഹാസം നടത്തിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഈ സംഭവത്തില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ സമാധാനപരമായുള്ള സത്യാഗ്രഹ മുറകള്‍ പരീക്ഷിക്കാന്‍ ഗാന്ധിജി തീരുമാനിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തന്നെ മാറ്റിമറിച്ച സംഭവമായി പിന്നീട് ഇത് മാറുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ പെന്ട്രിച്ചില് നിന്നും പീറ്റര്മരിറ്റ്സ്ബര്ഗിലേക്കാണ് സുഷമസ്വരാജ് ട്രെയിനില്‍ യാത്ര ചെയ്തത്. പീറ്റര്മരിറ്റ്സ്ബര്ഗിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 125 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വെള്ളക്കാര്‍ക്കു മാത്രമെ യാത്ര ചെയ്യാനാകു എന്ന് പറഞ്ഞ് മഹാത്മഗാന്ധിയെ പുറത്താക്കിയത്. ഇതിന്റെ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം.
ഇവിടെ മഹാത്മഗാന്ധിയുടെ ഒരു ശില്‍പ്പവും സുഷമ സ്വരാജ് അനാഛാദനം ചെയ്തു. ‘ബെര്‍ത്ത് ഓഫ് സത്യാഗ്രഹ’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍, സത്യവും അഹിംസയുമാണ് നമ്മുടെ വഴി എന്ന് നമ്മള് നമ്മളെ തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ടെന്ന് സുഷമ സ്വരാജ് ചടങ്ങില്‍ പറഞ്ഞു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സുഷമ സ്വരാജ് ദക്ഷിണാഫ്രിക്കയിലെത്തിയത്.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി നടത്തിയ മഹത്തായ യാത്രയുടെ ഓര്‍മപ്പെടുത്തലാണ് ഈ ശില്പ്പമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. പീറ്റര്മരിറ്റ്സ്ബര്ഗ് സംഭവത്തിന്റെ 125ാം വാര്‍ഷികം, നെല്‍സണ്‍ മണ്ടേലയുടെ 100ാം ജന്മവാര്‍ഷികം, 25 വര്‍ഷത്തെ വര്‍ഷമായുള്ള നയതന്ത്ര ബന്ധം, ഇത് വളരെ വലിയ കാര്യമാണ്. അദ്ദേഹം പറഞ്ഞു.
25 വര്‍ഷമായി തുടരുന്ന നയതന്ത്ര ബന്ധത്തിന്റെ സൂചകമായി പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെയും ഒലിവര്‍ ടാമ്പോയുടെയും ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പും ഇവിടെ വച്ച് പുറത്തിറക്കി. ഭാരതീയ ജന സംഘത്തിന്റെ സ്ഥാപക നേതാവാണ് ദീനദയാല്‍ ഉപാദ്ധ്യായ. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ നേതാവും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റു(196791)മായിരുന്നു ടാമ്പോ.