നാഗ്പൂർ: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നാഗ്പൂർ സന്ദർശനവുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതിനെ അപലപിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം. സംഘത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്ന് സഹസർകാര്യവാഹ് ഡോ. മൻമോഹൻ വൈദ്യ പ്രസ്താവനയിൽ അറിയിച്ചു.
പ്രണബ് മുഖർജി ആർഎസ്എസ് തൃതീയ വർഷ സംഘശിക്ഷാ വർഗിൽ പങ്കെടുത്തതിന്റെ ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. വിഭാഗീയ ശക്തികളാണ് ഇത്തരം നടപടിക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പ്രണബ് മുഖർജി ആർഎസ്എസ് വേദിയിലെത്തിയത് ചരിത്രപരമാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി പ്രതികരിച്ചു. ഇന്ത്യയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇത്തരം ആശയസംവാദങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.