കോഴിക്കോട് : നിപ്പ രോഗികളെ പരിചരിച്ച നഴ്സുമാരെ പിരിച്ചുവിട്ടതായി ആരോപിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം തുടരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. അതേസമയം നഴ്സുമാരെ പിരിച്ചുവിട്ടതിന് നിപ്പയുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജീവന് പണയം വച്ച് നിപ്പ രോഗിയെ ശുശ്രൂഷിച്ച നഴ്സുമാരെ പിരിച്ചുവിട്ട നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ആശുപത്രിയെ സംബന്ധിച്ച് നവമാധ്യമത്തില്‍ വന്ന പോസ്റ്റ് ലൈക്ക് ചെയ്തതില്‍ മാനേജ്മെന്റ് പ്രതികാരനടപടി കെക്കൊളളുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. പരിശീലനത്തില്‍ പ്രാഗത്ഭ്യം തെളിയിക്കാത്തവര്‍ പുറത്തുപോകുന്നത് സ്വാഭാവിക നടപടിയാണെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.
സമരം ചെയ്ത നഴ്സുമാരെ പൊലീസ് രാത്രിയില്‍ അറസ്റ്റുചെയ്ത നടപടി പ്രതിഷേധാര്‍ഹമെന്നും ഭാരവാഹികള്‍ പറഞ്ഞു.