Kerala

ജസ്‌നയുടെ തിരോധാനം : പി സി ജോർജ്ജ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കുടുംബം ; നേതാക്കൾ മിതത്വം പാലിക്കണമെന്ന് കോടതി

കൊച്ചി ; രാഷ്ട്രീയക്കാർ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി.കാണാതായ ജസ്നയുടെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ പിസി ജോർജ്ജ് എം എൽ എ ശ്രമിച്ചതായുള്ള കുടുംബത്തിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.

കഴിഞ്ഞ ദിവസമാണ് പി.സി.ജോര്‍ജ് ജസ്‌നയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ജസ്‌നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഇതിനെതിരെയാണ് ജസ്‌നയുടെ പിതാവ് ഹര്‍ജി നല്‍കിയത്.

അതേസമയം ജസ്‌നയ്ക്കായി അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.മാത്രമല്ല ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുഹൃത്തിന് നുണപരിശോധന നടത്താന്‍ പൊലീസ് നീക്കം നടത്തുകയാണ്.

സുഹൃത്തിന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ജസ്ന വിളിച്ചിരുന്നതായി കണ്ടെത്തി. കേസില്‍ എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. ചോദ്യം ചെയ്യലില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചനയുണ്ട്. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജസ്നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽ നിന്നു ജസ്ന ഫോൺ ചെയ്തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്.

മാർച്ച് 26ന് കടയിലെത്തി വഴിചോദിച്ച് ഫോൺ ചെയ്യുകയായിരുന്നു പെൺകുട്ടിയെന്നാണ് സമീപവാസിയായി മലയാളി അലക്സി പറയുന്നത്. കമ്മൽ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാൽ പെൺകുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാർത്ത നോക്കുമ്പോഴാണ് ജസ്നയുടെ സംഭവം ശ്രദ്ധയിൽ പെടുന്നത്.

മൊബൈൽ ഫോണുപോലും എടുക്കാത്ത ഒരു പെൺകുട്ടി എന്നോർത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയെ ഓർമവന്നത്. തിരിച്ച് കടയിലെത്തി കടക്കാരന് ജസ്നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ തിരിച്ചറിയുകയും ചെയ്തു

മാര്‍ച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്ക് തന്നെ എരുമേലി പൊലീസിൽ വിവരം നൽകി.

പെരിയാർ നഗർ അഞ്ചാമത്തെ സ്ട്രീറ്റിലേക്ക് എങ്ങനെ പോകണം എന്നാണ് ചോദിച്ചതെന്ന് കടയുടമയും പറഞ്ഞു. ഈ പറയുന്നത് സത്യമാണെങ്കിൽ ചെന്നൈയിൽ വന്ന് അന്വേഷണം നടത്താതിരുന്ന പൊലീസ് നടപടി ഗുരുതര വീഴ്ചയാണ്. പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവർ വിവരം നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

282 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close