ന്യൂഡൽഹി : ഇറാനിൽ നടക്കുന്ന ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററും ലോക ജൂനിയർ ഗേൾസ് ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥൻ പിന്മാറി. ഇറാനിൽ നിർബന്ധമായും സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നുള്ള നിയമമാണ് പിന്മാറ്റത്തിനു കാരണമെന്ന് സൗമ്യ ഫേസ്ബുക്കിൽ കുറിച്ചു.
ടീമിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം , അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ നിഷേധിക്കുന്നതാണ് ശിരോവസ്ത്രം നിർബന്ധമായി ധരിക്കണമെന്ന നിയമമെന്ന് അവർ വ്യക്തമാക്കി. താൻ ശിരോവസ്ത്രം ധരിക്കാനോ ബുർഖ ഇടാനോ തയ്യാറല്ല. അതിന് നിർബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.കായിക താരങ്ങളിൽ മത നിയമം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല
ഇന്ത്യക്ക് വേണ്ടി മത്സരങ്ങളിൽ പങ്കെടുക്കുന്നത് താൻ അഭിമാനമായി കരുതുന്നു. എന്നാൽ വിഷമത്തോടെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുകയാണെന്നും അവർ പറഞ്ഞു. സ്പോർട്സിനു തന്നെയാണ് താൻ ഏറ്റവും വലിയ പ്രാധാന്യം കൊടുക്കുന്നതെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിരവധി പേർ അന്താരാഷ്ട്ര രംഗത്തു നിന്നുൾപ്പെടെ സൗമ്യക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
2016 ൽ ഷൂട്ടിംഗ് താരം ഹീന സിദ്ധുവും ഇറാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാതെ പിന്മാറിയിട്ടുണ്ട്.