കോട്ടയം: കെവിന് കേസിലെ പ്രതിയുടെ വിവാദ വീഡിയോ കോളിംഗില്‍ കോടതി സ്വമേധയാ കേസെടുത്തു. ഏഴാം പ്രതി ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്കിയ ആള്‍ക്കും എതിരെയാണ് കേസ്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
കോടതിയുടെയും ജയിലറുടെയും ചട്ടങ്ങള്‍ ലംഘിച്ച് വീഡിയോകോള്‍ ചെയ്തതിനാണ് കോടതി കേസെടുത്തത്. വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ വഴി പുറത്തായതോടെയാണ് കോടതി സ്വമേധയാ കേസെടുക്കാന്‍ തയ്യാറായത്. ഇതേത്തുടര്‍ന്ന് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
ഏറ്റുമാനൂര്‍ സിഐ എജെ തോമസിനാണ് അന്വേഷണചുമതല. ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ആളും ഫോണ്‍ നല്കിയ ആളും പ്രതിയാകും.
അതിനിടെ നീനുവിന് മനോരോഗം ഉണ്ടെന്ന പിതാവ് ചാക്കോയുടെ പരാതിയില്‍ കോടതി വാദം കേട്ടു. ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് സീല്‍ ചെയ്ത തന്റെ വീട് തുറന്നുനല്‍കണമെന്ന് ചാക്കോ ആവശ്യപ്പെട്ടു. പരാതിയിന്മേല് ഈ മാസം 18ന് കോടതി വിധി പറയും.
കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷയിലും തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും.