ഷോപ്പിയാന്‍ ; കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ സൈനികനെ കൊല്ലപ്പെടുത്തി. പൂഞ്ച് ജില്ലയില്‍ നിന്നുള്ള ഔറംഗസീബ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് സമീര്‍ ടൈഗറിനെ വധിച്ച കമാന്‍ഡോ സംഘത്തിലെ അംഗമായിരുന്നു. പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നും വെടിയുണ്ട തറച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ആയുധധാരികളായ ഭീകരസംഘം തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പെരുന്നാള്‍ അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോയതായിരുന്നു.
ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്.
ഇന്ത്യന്‍ സേനയേയും,ആര്‍മി മേജര്‍ ശുക്ലയേയും ഭീഷണിപ്പെടുത്തുന്ന സമീറിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ശുക്ലയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിന് പുറമെ നേര്‍ക്കു നേര് വരാനും സമീര്‍ വെല്ലു വിളിക്കുന്നുണ്ട്.തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ മേജര്‍ ശുക്ല നേരിട്ട് ചെന്ന് ഏറ്റുമുട്ടി സമീര്‍ ടൈഗറിനെ വധിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരനെയും അന്ന് സേന കൊലപ്പെടുത്തിയിരുന്നു.