അബുദാബി: വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ വരുത്തി യു.എ.ഇയില്‍ പുതിയ വിസാ നിയമം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് സുപ്രധാനമായ മാറ്റങ്ങളുള്ള പുതിയ വിസാ നിയമം പ്രഖ്യാപിച്ചത്.
സ്വകാര്യമേഖലയില്‍ ഓരോ തൊഴിലാളിക്കും 3000 ദിര്‍ഹം വീതം കെട്ടിവെക്കണമെന്ന നിയമം മാറ്റിയതാണ് സുപ്രധാന തീരുമാനം. പകരം ഇനി മുതല്‍ പ്രതിവര്‍ഷം 60 ദിര്‍ഹം ഇന്‍ഷുറന്‍സ് അടച്ചാല്‍ മതിയാകും. അധിക ജോലി സമയ വേതനം, സേവനം അവസാനിപ്പിക്കുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍, മടക്കയാത്രാ ടിക്കറ്റ്, ജോലിക്കിടെ സംഭവിക്കുന്ന പരുക്കുകള്‍ തുടങ്ങിയ 20000 ദിര്‍ഹം വരെയുള്ള ചെലവുകള്‍ ഈ ഇന്‍ഷുറന്‍സ് പരിരക്ഷ വഴി ഉറപ്പാക്കും.
യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വീസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ നേരത്തേക്ക് യാതൊരു വിധ പ്രവേശന ഫീസും ഈടാക്കുകയില്ല എന്നുള്ളതാണ് മറ്റൊരു തീരുമാനം. കൂടാതെ 50 ദിര്‍ഹം നല്കിയാല് വിസ 96 മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും സാധിക്കും. വിസ കാലാവധി കഴിഞ്ഞും യു.എ.ഇയില്‍ തുടരുന്നവര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിയാല്‍ വീണ്ടും മടങ്ങിവരാം. ഇവരുടെ പാസ്പോര്ട്ടില് നോ എന്‍ട്രി സ്റ്റാംപ് അടിക്കില്ല.
രാജ്യത്ത് ഇത്തരത്തില്‍ തുടരുന്ന ഇന്ത്യക്കാരടക്കമുള്ള ഒട്ടേറെ പേര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ ഇനി രാജ്യത്തിന് പുറത്ത് പോകേണ്ടതില്ല. തൊഴില്‍ വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് കഴിയുന്നവര്‍ക്ക് ഇവിടെ ജോലിയില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനായി ആറു മാസ കാലവധിയുള്ള വിസ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.