തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണിത്. പൊലീസ് അസോസിയേഷനും കൂടുതല്‍ പൊലീസുകാരും എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം എഡിജിപി സുദേഷ്കുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഡ്രൈവര്‍ ഗവാസ്കര്‍ രംഗത്തെത്തി. എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്നമായ മനുഷ്യലംഘനമാണെന്നും വളരെ മോശമായ രീതിയിലാണ് എഡിജിപി കീഴുദ്യോഗസ്ഥരോട് പെരുമാറിയിരുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കും. ഇതിന് തയ്യാറാകാത്തവരെ ചീത്തവിളിക്കും.
വീടു തുടപ്പിക്കുക, വീട്ടുസാധനങ്ങള്‍ വാങ്ങിപ്പിക്കുക, സ്വിമ്മിങ് പൂള് കഴുകിക്കുക തുടങ്ങിയ ജോലികള്‍ പോലീസുകാരെക്കൊണ്ട് ചെയ്യിക്കാറുണ്ടായിരുന്നു. മകള്‍ക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമുണ്ടായെന്നും വഴങ്ങാത്തതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും ഗവാസ്കര്‍ പറഞ്ഞു.
എഡിജിപിയുടെ മകളുടെ പരാതിയില്‍ പൊലീസുകാരനെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.