ശ്രീനഗര്‍: കശ്മീരില്‍ മാദ്ധ്യമ പ്രവര്ത്തകന് ഷുജാത് ബുഖാരിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന ശ്രീനഗര്‍ കനിതര്‍ സ്വദേശി സുബൈറിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളുടെ ചിത്രം പൊലീസ് പുറത്തു വിട്ടതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്. മൂന്നു പേരുടെ സിസിടിവി ചിത്രങ്ങള്‍ പൊലീസ് ആദ്യം പുറത്തു വിട്ടിരുന്നു. ഇതിന് ശേഷമാണ് സുബൈറിന്റെ ചിത്രം പുറത്തു വിട്ടത്. കാറിനു സമീപത്തെത്തി മൃതദേഹം പരിശോധിക്കുന്ന ചിത്രമായിരുന്നു ഇത്.
ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്ന് കശ്മീര്‍ പൊലീസ് മേധാവി എസ്.പി.വൈദ് പറഞ്ഞു. ലഷ്കര്‍ ഇ തൊയ്ബ ഭീകരരാണ് സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് പോകാന്‍ ഓഫീസിന് പുറത്തിറങ്ങിയ ഷുജാത് ബുഖാരിയെ ആക്രമികള്‍ വെടി വെച്ച് കൊലപ്പെടുത്തിയത്. റൈസിംഗ് കശ്മീര്‍ എഡിറ്ററായിരുന്നു ബുഖാരി. കാറിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ബൈക്കിലെത്തിയ ആക്രമികള്‍ ബുഖാരിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാരും വെടിവപ്പില്‍ കൊല്ലപ്പെട്ടു. 2000ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.