ലക്നൗ: ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും സൈനികരോടുള്ള ആദരസൂചകമായും ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്. ഇതിന് പുറമെ പ്രതിഷേധ സൂചകമായി പാകിസ്ഥാന്റെ പതാക കത്തിക്കുമെന്നും ഷിയ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. ഇൗദ് ദിവസം ഉച്ചക്ക് ഷിയ ബോര്‍ഡ് അംഗങ്ങള്‍ ഒത്തുകൂടി പാകിസ്ഥാന്റെ പതാക കത്തിക്കുമെന്നാണ് അറിയിച്ചത്. ഉത്തരേന്ത്യയില്‍ ഇന്നാണ് ഈദ് ആഘോഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനികനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് ഇദ്ദേഹത്തെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈദ് ആഘോഷങ്ങളുടെ ഭാഗമായി അവധിയെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്. പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നാണ് വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയേയും ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് പോകാന്‍ ഓഫീസിന് പുറത്തിറങ്ങിയപ്പോഴാണ് ഷുജാത് ബുഖാരിയെ ആക്രമികള്‍ വെടി വെച്ച് കൊലപ്പെടുത്തിയത്. കാറിലേക്ക് കയറിയ ഷുജാതിനെ ബൈക്കിലെത്തിയ ആക്രമികള്‍ വെടിവക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. ഇവര്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരരാണെന്നാണ് പൊലീസിന് സൂചന ലഭിച്ചത്.
ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2000ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.