കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. താലിബാന് ഭീകരര്‍ക്കൊപ്പം അഫ്ഗാന് സേന നടത്തിയ ഈദ് ആഘോഷ പരിപാടിക്കിടെ കിഴക്കന്‍ അഫ്ഗാനിലെ നാംഗഹാര്‍ മേഖലയിയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിലേറെയും താലിബാന് പ്രവര്‍ത്തകരാണ്. ഐ.എസിന് വലിയ സ്വാധീനമുള്ള പ്രദേശമാണിത്.
ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്ക് താലിബാന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന് സര്‍ക്കാരും വെടിനിര്‍ത്തല്‍ തീരുമാനമെടുത്തിരുന്നു. തീരുമാനത്തിന് രാജ്യത്തുടനീളം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും ഇരു കൂട്ടരും ഈദ് ആശംസ കൈമാറുകയും ആഘോഷ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. ഇത്തരമൊരു ചടങ്ങിനിടെയായിരുന്നു ആക്രമണം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 50ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
ഇതോടെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുകയാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനി പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന് കൂടുതല്‍ ആക്രമണത്തിനു മുതിരരുതെന്ന മുന്‍കൂര്‍ ലക്ഷ്യമിട്ടാണ് നീക്കം. താലിബാന് അവരുടെ അംഗങ്ങളെ ജയിലില്‍ സന്ദര്‍ശിക്കാനും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ കാണാനുള്ള സൗകര്യവും ഒരുക്കുമെന്ന് അഷ്റഫ് ഘാനി പറഞ്ഞു.