സത്യമപ്രിയം

ദുരന്തമുഖങ്ങളില്‍ ഭീകരത ഫണമുയര്‍ത്തുമ്പോള്‍

സത്യമപ്രിയം - ജി.കെ. സുരേഷ്ബാബു

മതഭീകരതയുടെ നാമ്പുകള്‍ കേരളത്തില്‍ വളരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഒരേപോലെ ആദരിക്കുകയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്ത മഹത്തായ ഒരു പാരമ്പര്യം കേരളത്തിനുണ്ട്. ലോകം മുഴുവന്‍ ജൂതരെ മതപീഡനത്തിന് വിധേയരാക്കിയപ്പോള്‍ അവരെ സ്വീകരിച്ച് പാര്‍പ്പിടവും ആരാധനാലയവും ഒരുക്കിയത് കേരളമായിരുന്നു. ഗോവയില്‍ സ്‌നേഹത്തിന്റെ മതമെന്ന് വിശേഷിപ്പിച്ച ക്രിസ്ത്യാനികള്‍, ഗൗഡസാരസ്വതര്‍ക്ക് പീഡനമരണം നല്‍കിയപ്പോള്‍ അവര്‍ക്ക് അഭയം നല്‍കിയത് കേരളമായിരുന്നു. അഹമ്മദീയരും പാര്‍സികളും എല്ലാം കേരളത്തിന്റെ മണ്ണില്‍ അഭയം തേടി.

എല്ലാവര്‍ക്കും ഒരേപോലെ ആരാധനയ്ക്കും ജീവിതത്തിനും അവസരം ഒരുക്കിയതും ഹിന്ദു രാജാക്കന്മാരുടെ മഹാമനസ്‌കതയായിരുന്നു. എല്ലാ മതങ്ങളും സമന്വയഭാവത്തോടെ ജീവിച്ച കേരളത്തില്‍ കാഫിറുകള്‍ എന്ന പേരില്‍ ഇസ്ലാമിലെ ഒരു വിഭാഗവും അവിശ്വാസികള്‍ എന്ന പേരില്‍ ക്രിസ്ത്യാനികളിലെ ഒരു വിഭാഗവും മതവൈരവും വെറിയും വളര്‍ത്താന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷത്തിന്റെ തീപ്പൊരികള്‍ വീണു തുടങ്ങിയത്. പ്രാപ്പിടിയന്മാരെപ്പോലെ സ്വന്തം മതത്തിലേക്ക് ആളെ കൂട്ടാന്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കുന്ന സെമറ്റിക് മതങ്ങളുടെ സ്വാധീനം ഒരു പരിധിവരെ ചെറുത്ത് നില്‍ക്കാന്‍ നേരത്തെ കഴിഞ്ഞിരുന്നു.

ഇന്ന് വീണ്ടും മതതീവ്രവാദവും ഭീകരതയും സമസ്ത മേഖലകളിലേക്കും പടര്‍ന്നിരിക്കുന്നു. റോഡിന് വീതി കൂട്ടുന്ന പ്രശ്‌നം മുതല്‍ എന്തുകാര്യത്തിലും മതഭീകരത പത്തിവിടര്‍ത്തി ആടുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും കടുത്ത മതനിയമങ്ങള്‍ അനുസരിക്കുന്ന സൗദി അറേബ്യയില്‍ പോലും സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും മറ്റും അനുവദിക്കുകയും ജീവിതം കൂടുതല്‍ വെളിച്ചം വീശുന്ന രീതിയില്‍ അന്ധകാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ തുറക്കുകയും ചെയ്യുമ്പോള്‍ അവിടെയില്ലാത്ത മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ഒരു മതനിരപേക്ഷ രാജ്യത്തിന് ഒരിക്കലും ഉചിതമല്ലാത്ത നടപടികള്‍ അനുവര്‍ത്തിക്കാനുമാണ് ഒരുപറ്റം ഇസ്ലാമിക ഭീകരര്‍ ശ്രമിക്കുന്നത്. ദേശീയപാതയുടെ സ്ഥലമെടുപ്പിലും ഗെയില്‍ പൈപ്പ് ലൈന്‍ കേസിലും പുതുവൈപ്പിനിലെ വാതകസംഭരണി സമരത്തിലും വടയമ്പാടിയിലും ഒക്കെ ഈ ഭീകരതയുടെ, ഭീകരസംഘടനകളുടെ ചരടുവലികള്‍ വ്യക്തമായിരുന്നു.

സംഭവസ്ഥലത്ത് ഭൂമിയില്ലാത്തവരും ഈ പ്രശ്‌നങ്ങളുമായി ബന്ധമില്ലാത്തവരും ഒക്കെയാണ് ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വരുന്നത് എന്നകാര്യം ശ്രദ്ധേയമാണ്. സമരവുമായോ നാടുമായോ ബന്ധമില്ലാത്ത ബുര്‍ഖ-ഹിജാബ് ധാരിണികളെ ഈ സമരമുഖത്ത് എത്തിക്കുന്നതിന്റെ പിന്നിലാരാണ്? സമരത്തില്‍ ഭീകരസംഘടനകളുടെ സാന്നിധ്യം ഉണ്ടെന്ന് ആവര്‍ത്തിച്ചുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് ഇതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് തയ്യാറായില്ല എന്നകാര്യം ആലോചിക്കേണ്ടതാണ്. പാര്‍ട്ടിയിലേക്ക് ചേക്കേറി സി.പി.എം പിടിക്കാന്‍ ഒരുങ്ങി നടക്കുന്ന മതതീവ്രവാദികളുടെ അലോസരവും അലോഹ്യവും വേണ്ടെന്ന ചിന്തയാവാം മുഖ്യമന്ത്രിയെ ഒരു പരിധിവരെയെങ്കിലും പിന്തിരിപ്പിക്കുന്നത്.

പക്ഷേ, ഇതിന്റെ ഏറ്റവും ക്രൂരമായ ഒരു ദുരന്തത്തിനാണ് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. കോഴിക്കോടിനടുത്ത് പേരാമ്പ്രയില്‍ നിപ്പ വൈറസ്ബാധ മൂലം പതിനേഴോളം പേര്‍ മരിച്ചു. ദേശീയതലത്തിലല്ല, അന്തര്‍ദേശീയ തലത്തില്‍ തന്നെ ഈ നിപ്പ വൈറസ് ബാധ ചര്‍ച്ചയായി. മരണമടഞ്ഞ നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പോലും അന്ത്യകര്‍മ്മങ്ങള്‍ വീട്ടുകാര്‍ നടത്താതെ വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കുകയായിരുന്നു. പക്ഷേ, പിന്നീട് രോഗബാധിതരെ ദഹിപ്പിക്കുന്നതിനെതിരെ ചില ഇസ്ലാമിക മത തീവ്രവാദ സംഘടനകള്‍ രംഗത്തുവന്നു. സമസ്തയുടെ യുവനേതാവായ ഒരു വിദ്വാന്‍ പറഞ്ഞത് ഏതോ ഒരു ഹദീസ് കൂട്ടത്തോടെയിരുന്ന് ചൊല്ലിയാല്‍ നിപ്പ വൈറസ് ബാധ ഉണ്ടാകില്ലെന്നാണ്. മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. ഈ പമ്പരവിഡ്ഢിത്തത്തെ ഇസ്ലാം മതത്തില്‍ തന്നെയുള്ള വിവേകശാലികളും ഉല്പതിഷ്ണുക്കളുമായ ആളുകള്‍ ചോദ്യം ചെയ്തു.

പ്രൊഫസര്‍ എം.എന്‍. കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരും മാത്രമല്ല, ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സെക്രട്ടറിയായ ജാമിദ ടീച്ചറും ഇതിനെതിരെ രംഗത്തുവന്നു. മതപരമായ ആശയങ്ങളും ചിന്തകളും ജനങ്ങളെ വിവേകത്തിലേക്കും അന്ധവിശ്വാസങ്ങളില്‍ നിന്ന് പുറത്തേക്കും കൊണ്ടുവരാനുള്ളതാണ്. ഗുരുതരമായ സാംക്രമിക രോഗം പടരുമ്പോള്‍ പോലും ഇത്തരം പ്രതിലോമപരമായ നിലപാടുകള്‍ എടുക്കുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതാണോ എന്ന് മതപണ്ഡിതര്‍ ആലോചിക്കണം. വിശ്വാസികള്‍ക്ക് സത്ചിന്ത വളര്‍ത്താനാണ് പണ്ഡിതര്‍ ശ്രമിക്കേണ്ടത്.

ഇതിന്റെ രണ്ടാംഭാഗവും കോഴിക്കോട് ജില്ലയില്‍ തന്നെയാണ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും താമരശ്ശേരിയ്ക്കടുത്ത് കട്ടിപ്പാറയില്‍ രണ്ടു കുടുംബങ്ങളിലെ പതിമൂന്നോളം പേര്‍ മരിച്ചു. ഒരു നാടിന്റെ ദുരന്തമായിട്ടാണ് അതിനെ മൊത്തം ജനങ്ങളും കണ്ടത്. ജാതിമതഭേദമില്ലാതെ, രാഷ്ട്രീയഭേദമില്ലാതെ മുഴുവന്‍ ജനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് എത്തി. പല ജില്ലകളില്‍നിന്നും അഗ്നിശമനസേനയും ദുരന്തനിവാരണസേനയും ഒക്കെ രക്ഷാപ്രവര്‍ത്തനത്തിന് അണി നിരന്നു. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളും ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഒക്കെ ജീവന്റെ ഒരു തുടിപ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ രക്ഷിക്കാന്‍ അണിനിരന്നു.

കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ പോലും ഒരുമനസ്സോടെ തോളോടു തോള്‍ ചേര്‍ന്നുനിന്നിരുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും അവരുടെ ജാതിയും മതവും അറിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരന്തമുഖത്തേക്ക് മതഭീകരസംഘടനകള്‍ എത്തിയത്. അടുത്തുള്ള ഒരു വീട്ടില്‍ യോഗം ചേര്‍ന്ന അവര്‍ പറഞ്ഞു, കാഫിറുകള്‍ മൃതദേഹം തൊട്ട് അശുദ്ധമാക്കരുതെന്ന്. മൃതദേഹം കണ്ടെത്തിയാല്‍ ഉടന്‍ അവരെ അറിയിക്കണം. അവരെത്തി, പ്രാര്‍ത്ഥന നടത്തി മൃതദേഹം കൊണ്ടുപോകും. പിണറായി വിജയന്റെ അടിമപ്പോലീസ് അതിനും സമ്മതിച്ചു.

മതസമന്വയത്തിന്റെ ലോകമാതൃകയായിരുന്ന കേരളത്തിലാണ് മതഭീകര സംഘടനകകളുടെ ഈ കളികള്‍ നടക്കുന്നത്. ഇതും ഇതിന്റെ ഭവിഷ്യത്തും മനസ്സിലാക്കാത്ത, മനസ്സിലാകാത്ത ഒരു വിഭാഗമേ ഇന്ന് കേരളത്തിലുള്ളൂ. അത് ജാതിസംഘടനകളുടെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും കാല്‍ക്കീഴില്‍ അമര്‍ന്നിരിക്കുന്ന ഹിന്ദുക്കളാണ്. മുസ്ലീം കിഡ്‌നിക്കും മുസ്ലീം രക്തത്തിനും പരസ്യം കൊടുത്ത കേരളം ഇന്ന് മുസ്ലീം ഡോക്ടറെ വേണമെന്ന പരസ്യത്തിലേക്ക് മാറിയിരിക്കുന്നു. സമുദായത്തിന്റെ പേരിലുള്ള സംഘടന രാഷ്ട്രീയ രംഗത്തും സാമ്പത്തികരംഗത്തും സൃഷ്ടിച്ചിട്ടുള്ള അപ്രമാദിത്വം സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നത് സാധാരണക്കാരനായ ശരാശരി ഹിന്ദു അറിയുന്നില്ല.

അവന്റെ പെണ്‍മക്കളെ ഭീകരവാദികള്‍ പ്രണയം നടിച്ച് ആടുമേയ്ക്കാന്‍ സിറിയയിലേക്ക് കടത്തുമ്പോഴും മതേതരത്വത്തിന്റെ പേരില്‍ പാര്‍ട്ടി പതാകയ്ക്ക് താഴെ നിന്ന് ഭീകരരെ താലോലിക്കുന്നവര്‍ക്ക് സിന്ദാബാദ് വിളിക്കാനാണ് യോഗം. 24 ശതമാനം മാത്രം ക്രിസ്തീയ ജനസംഖ്യയുള്ള നിയമസഭാ മണ്ഡലത്തില്‍ പള്ളിക്കാരുടെ വോട്ടുകള്‍ സമാഹരിച്ച് അതിനുവേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി വിശ്വാസിയായ ക്രൈസ്തവന്‍ ജയിക്കുന്നതും പരുമലപ്പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും മതേതര ഹിന്ദും കണ്ടു. കേരളത്തിന്റെ ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ സംഘടിച്ചില്ലെങ്കില്‍ ബാക്കിയുണ്ടാവില്ലെന്ന ദുരന്തസത്യം മനസ്സിലാകാത്തത് പകുതിയില്‍ താഴേക്കെത്തിയ ഹിന്ദുവിന് മാത്രം.

831 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close