യോഗ ദിനം പാര്‍ലമെന്റിനുള്ളില്‍ നടത്തി ഓസ്ട്രേലിയ. മുന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട്, വിവിധ വകുപ്പുകളിലെ നിയമപാലകര്‍ എന്നിവരുള്‍പ്പെടെ 50ലധികം ആളുകളാണ് പാര്‍ലമെന്റിനുള്ളില്‍ യോഗ അവതരിപ്പിച്ചത്. നാലാമത് ഇന്റര്‍നാഷണല്‍ യോഗ ദിനത്തിന്റെ ഭാഗമായായിട്ടായിരുന്നു യോഗ ചെയ്തത്. വ്യത്യസ്ത ആസനങ്ങള്‍ ഇവിടെ നടന്ന സെഷനില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റിന്റെ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗ രണ്ടു മണിക്കൂറിലധികം നീണ്ടു നിന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനും മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസുദേവ ക്രിയ യോഗ ഗ്രൂപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
യോഗ ദിനത്തിന് വലിയ പിന്തുണയാണ് ടോണി അബ്ബോട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നല്‍കിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ള നിരവധി ഓസ്ട്രേലിയന്‍ വംശജര്‍ യോഗ പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് കണ്ട് രാജ്യത്ത് നിന്ന് കൂടുതല്‍ ആളുകള്‍ യോഗ ചെയ്യാന്‍ തയാറാകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. തിരക്കേറിയ ജീവിതം നയിക്കുന്ന, രാഷ്ട്രീയത്തില്‍ സജീവമായ പലര്‍ക്കും യോഗ ഏറെ ഫലപ്രദമാണെന്നും ഇത് സമ്മര്‍ദ്ദത്തെ കുറക്കുമെന്നും 60 കാരനായ അബ്ബോട്ട് പറഞ്ഞു.
ഇന്ത്യ ലോകത്തിന് മുന്നിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ്. യോഗയും അവിടെ നിന്നാണ് ഉയര്‍ന്നു വന്നത്. ഇന്ത്യയില്‍ നിന്നും എത്തിയിരിക്കുന്ന ഈ മനോഹരമായ ഇറക്കുമതി ഇന്ന് ലോകത്തിലെ ഓരോ പ്രദേശവും ഏറ്റെടുത്തു കൊണ്ടിരിക്കുകയാണെന്നും അബ്ബോട്ട് കൂട്ടിച്ചേര്‍ത്തു.
യോഗ ദിനത്തിന്റെ ഭാഗമായി ഒരു പാര്‍ലമെന്റിനുള്ളില്‍ യോഗ ദിനം ആചരിക്കുന്നത് ഇതാദ്യമായിട്ടാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. പാര്‍ലമെന്റിനുള്ളിലെ യോഗ ആചരണം വിജയമായെന്നും ഈ നിമിഷം ചരിത്രനേട്ടമാണെന്നും അവര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തില്‍ യോഗ ദിനം നടത്താനാണ് സംഘാടകരുടെ തീരുമാനം.
ജൂണ്‍ 21ന് വിക്ടോറിയന്‍ പാര്‍ലമെന്റും സമാനമായ രീതിയില്‍ യോഗ ദിനം ആചരിക്കുന്നുണ്ട്. ക്വീന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
A Yoga Session was organised at Federal Parliament by High Commission of India in association with Vasudeva Kriya Yoga on 18th June 2018. Former Prime Minister of Australia, Mr. Tony Abbott graced the event with his auspicious presence. #AYUSH #ZindagiRaheKhush #IDY2018 pic.twitter.com/KuRn1i3as1
— India in Australia (@HCICanberra) June 18, 2018