കോഴിക്കോട്; കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലെ നാല് കുളങ്ങളും വറ്റിക്കാന്‍ ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നാല് കുളങ്ങളും വറ്റിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്താണ് ഉത്തരവിട്ടിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഈ മേഖലയില്‍ അപകടകരമാം വിധം കെട്ടിനില്‍ക്കുന്ന വെള്ളം ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്താണ് നടപടി. രണ്ടു ലക്ഷം ലിറ്ററോളം വെള്ളം നാല് കുളങ്ങളിലും ഉണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കോഴിക്കോട് കരിഞ്ചോലമലയില്‍ 14 പേര് മരിച്ച സംഭവത്തിന് പിന്നാലെയാണ് അന്‍വറിന്റെ വാട്ടര്‍ പാര്‍ക്ക് ഉയര്‍ത്തുന്ന അപകടാവസ്ഥയെ കുറിച്ച് വാര്‍ത്ത വന്നത്. പ്രദേശത്തും ചെറിയ തോതില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായിരുന്നു. ഇതോടെ വിവിധ വകുപ്പുകള്‍ പാര്ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്.