അബുദാബി: നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ അബുദാബിയില്‍ പൂര്‍ത്തിയായി. ഉം അല്‍ ഇമാറാത്ത് പാര്‍ക്കില്‍ 21ന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക.
മാറുന്ന ജീവിത സാഹചര്യത്തില്‍ ശാരീരിക മാനസിക സൗഖ്യം പ്രദാനം ചെയ്യുന്ന യോഗയുടെ പലതരം വകഭേദങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സ്മിത പാന്ഥ് പറഞ്ഞു. സമഗ്ര യോഗ അവതരണം, യോഗ നൃത്തം, യോഗയെക്കുറിച്ചുള്ള ചര്‍ച്ച, ധ്യാനം എന്നിവയെല്ലാം വിവിധ ദേശക്കാര്‍ക്കായി നടക്കും. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറഖ് അല്‍ നഹ്യാന് മുഖ്യാതിഥിയായിരിക്കും.
ഇന്ത്യയില്‍ നിന്നുള്ള മോണിക്ക ബാപ്ന, പ്രിയങ്ക ശര്‍മ്മ, സിസ്റ്റര്‍ സോന ബഹ്റി, നാസര്‍ അല്‍ റിയാമി, സദപന്.കെ എന്നിവര്‍ക്ക് പുറമെ അമേരിക്കയില്‍ നിന്നുള്ള ഫിലിപ്പ് ഇവാന് കൗലിഷോ ,ജപ്പാന് സ്വദേശിനി മിഡോറി സാതോ ,സുഡാനില്‍ നിന്നുള്ള റമി ജിംഗാരി തുടങ്ങിയവര്‍ വിവിധ യോഗാ രീതികള്‍ പരിചയപ്പെടുത്തും.
നാലായിരത്തോളം ആളുകളെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി സംരക്ഷണം എന്ന വലിയ ആശയം മുന്‍നിര്‍ത്തി പരിപാടിക്കെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും പുനരുപയോഗിക്കാവുന്ന കുപ്പികളിലാണ് വെള്ളം വിതരണം ചെയ്യുക. യോഗ മാറ്റും ടീഷര്‍ട്ടുകളും സൗജന്യമായി വിതരണം ചെയ്യും. പ്രവേശനം സൗജന്യമായിരിക്കും.