കൊച്ചി: മനോരമയെയും സിപിഎം മുഖപത്രം ദേശാഭിമാനിയെയും ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഉദ്ഘാടന വേദിയിൽ മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു നടത്തിയ പ്രസംഗത്തെയും ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയെയുമാണ് ജയശങ്കർ പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.
‘ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും’ (ട്രോളല്ല) എന്ന തലക്കെട്ടിലാണ് ജയശങ്കറിന്റെ പോസ്റ്റ്. “കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. വികസനവഴികളിൽ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്.
കേരളം ഇതുപോലെ മുന്നോട്ടു പോയാൽ ഒരു പറുദീസയാകുമെന്ന് ഉറപ്പ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടു വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി വളരുമെന്നതിൽ സംശയമില്ല. അതു നടപ്പാക്കാൻ മുൻകൈ എടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നു…”
ആരാണ് വെള്ളം കൂട്ടാതെ ഇത്രയും വലിയ സത്യം മാലോകരെ അറിയിച്ചത്? തമ്പിച്ചായൻ എന്നു വിളിപ്പേരുളള ഫിലിപ്പ് മാത്യു; മലയാള മനോരമ പത്രാധിപൻ. ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
ഭൂമിയ്ക്കു സുറുമയിട്ട വീരന്മാരാണ് മനോരമക്കാർ. അവരിൽ ഏറ്റവും വിരുതനാണ് തമ്പിച്ചായൻ. മാത്തുക്കുട്ടിച്ചായന്റെ കച്ചവട ബുദ്ധിയും അന്നമ്മ കൊച്ചമ്മയുടെ ഹൃദയലാവണ്യവും ഒത്തിണങ്ങിയ അപൂർവ പ്രതിഭ. കേരളത്തെ പറുദീസയാക്കാനും പിണറായി വിജയൻ കർത്താവീശോമിശിഹായുടെ അവതാരമാണെന്ന് പറഞ്ഞു ഫലിപ്പിക്കാനും പോന്നവൻ.
എന്തിനാണച്ചായാ, മനുഷ്യനെ ഇങ്ങനെ വടിയാക്കുന്നത്? എന്ന ചോദ്യത്തോടെയാണ് ജയശങ്കറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
മിസോറം ഗവർണർ കുമ്മനം രാജശേഖരനെ പലവട്ടം ചാനലിലൂടെ അധിക്ഷേപിച്ച മനോരമയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് മനോരമയെ പരിഹസിച്ച് ജയശങ്കർ രംഗത്തെത്തിയത്.
'ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും' (ട്രോളല്ല)"കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ….
Posted by Advocate A Jayasankar on Tuesday, June 19, 2018