ന്യൂഡല്‍ഹി: സാധാരണ ട്രെയിനുകളിലെ നിരക്ക് വര്‍ധിപ്പിക്കാതെ പ്രീമിയം ട്രെയിനുകളുടെ എണ്ണം കൂട്ടി വരുമാന വര്‍ധന ഉണ്ടാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ. ട്രെയിനുകളില്‍ തേര്‍ഡ് എസി കോച്ചുകള്‍ കൂടുതല്‍ പിടിപ്പിക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 24 പ്രീമിയം ട്രെയിനുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇനി അത് 40 ആക്കും. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന പ്രീമിയം ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് സാധാരണ ട്രെയിനുകളുടേതിനെക്കാള് കൂടുതലാണ്.
തേജസ് എക്സ്പ്രസ്, ഹംസഫര്‍ എക്സ്പ്രസ്, ഉദയ്, അന്ത്യോദയ എന്നീ ട്രെയിനുകളെയാണ് പരിഗണിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പ്രീമിയം ട്രെയിനുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനാണ് നീക്കം. ഇതിനായി 2000 കോച്ചുകളാണ് അധികമായി നിര്‍മിക്കാനൊരുങ്ങുന്നത്. ഇതില്‍ ഏറെയും എസി കോച്ചുകളാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിനുകളില്‍ എസി കോച്ചുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിക്കുന്നത്. സാധാരണ തേര്‍ഡ് എസി ട്രെയിനുകളില്‍ നിന്ന് കിട്ടുന്നതിനെക്കാള്‍ 15% അധിക വര്‍ധന ഹംസഫര്‍ ട്രെയിനുകളില്‍ നിന്ന് കിട്ടാറുണ്ട്. ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് പ്രീമിയം ചെയര്‍ കാര്‍ സര്‍വീസായ തേജസും 20 ശതമാനം അധിക വരുമാനം റെയില്‍വേക്കു നല്‍കിയിരുന്നു.