കുവൈറ്റ്: ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ നിയമ പ്രശ്നങ്ങളില്‍പ്പെട്ട് കഴിയുന്ന പുരുഷന്മാര്ക്കായി ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന് കുവൈറ്റ് തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. നിലവില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ കൂടുതല്‍ സുരക്ഷിതത്വം ഉള്ള രീതിയില്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ എട്ട് മണിക്കൂറിലധികം വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നാല്‍ സ്പോണ്സര്മാരില് നിന്ന് പിഴയീടാക്കും. വ്യോമയാന ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫൗസനാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്.
ഗാര്‍ഹിക തൊഴിലാളികള്‍ സ്പോണ്‍സറെ കാത്ത് ആഴ്ചകളോളം വിമാനത്താവളത്തില്‍ കഴിയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. സ്പോണ്സര് അല്ലെങ്കില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് ഉത്തരവാദിത്വം നിര്‍വഹിക്കാത്ത പക്ഷം പിഴയീടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് അവശ്യ സഹായങ്ങള്‍ നല്കാന് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കാനും നടപടിയുണ്ടാകും.