അനശ്വര പ്രണയത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ഭാര്യയായ മുംതാസിന് വേണ്ടി ഒരു പ്രണയസൗധം പണിത രാജാവാണ് ഷാജഹാന്. താജ്മഹല്‍ എന്ന പ്രണയസ്മാരകം ഇന്ന് ലോകത്തിന് മുന്നില്‍ ഒരു അത്ഭുതമാണ്. അതുപോലെ ഭാര്യയുടെ ഓര്‍മകള്‍ക്ക് വേണ്ടി ഒരു സ്മാരകം നിര്‍മിച്ചിരിക്കുകയാണ് തെലങ്കാന സ്വദേശിയായ ചന്ദ്രഗൗഡ. സിദ്ദിപ്പേട്ട് ജില്ലയിലെ തന്റെ ഗ്രാമത്തിലാണ് ചന്ദ്രഗൗഡ ഭാര്യക്കു വേണ്ടി ഒരു കൊച്ചു സ്മാരകം ഉണ്ടാക്കിയത്. ഒരു ചെറിയ ക്ഷേത്രം എന്ന രീതിയിലാണ് ചന്ദ്രഗൗഡ ഈ സ്മാരകം നിര്‍മിച്ചത്.
തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥനായി വിരമിച്ചയാളാണ് ചന്ദ്രഗൗഡ. അടുത്തിടെയാണ് ചന്ദ്രഗൗഡയുടെ ഭാര്യ രാജാമണി അസുഖ ബാധിതയായി മരിക്കുന്നത്. ഭാര്യയോടുള്ള തന്റെ പ്രണയം ഒരിക്കലും കുറയില്ലെന്ന സൂചനയുമായാണ് ഇത്തരമൊരു നിര്‍മാണവുമായി ചന്ദ്രഗൗഡ മുന്നിട്ടിറങ്ങിയത്. ഇവിടുത്തെ പ്രതിഷ്ഠയായാണ് ഭാര്യയുടെ ശില്‍പ്പം സൂക്ഷിച്ചിരിക്കുന്നത്.
ആദ്യം കൗതുകമായിരുന്നെങ്കിലും ഏറെ ആവേശത്തോടെയാണ് ഇന്ന് ഗ്രാമീണരും ഈ ക്ഷേത്രത്തെ കാണുന്നത്. വാര്‍ത്ത കേട്ടറിഞ്ഞ് നിരവധി ആളുകളാണ് ഈ പ്രണയ സ്മാരകം കാണാനായി ഇവിടെ എത്തുന്നത്.