തിരുവനന്തപുരം : ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് നേരിടുന്ന സീരിയൽ നടൻ തരികിട സാബു ചാനൽ പരിപാടിയിൽ . ഏഷ്യാനെറ്റിലെ ബിഗ് ബോസ് പരിപാടിയിൽ തരികിട സാബു പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തു.
കണ്ണൂരിലെ മുൻ മഹിള മോർച്ച നേതാവ് ലസിത പാലക്കൽ കൊടുത്ത പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. തലശ്ശേരി എഎസ്പിക്കായിരുന്നു പരാതി നൽകിയത് . തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി 354 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല.കുറച്ചു ദിവസമായി സജീവമല്ലാതിരുന്ന സാബുവിനെ ഇപ്പോൾ ബിഗ് ബോസ് പരിപാടിയിലാണ് കാണുന്നത്.
നേരത്തെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ ലസിത പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സിപിഎമ്മിനെ അനുകൂലിക്കുന്നവർ നൽകുന്ന പരാതികൾക്ക് മാത്രമാണ് പൊലീസ് വിലകൽപ്പിക്കുന്നത്. ബി.ജെ.പി അനുഭാവികളോട് പോലീസുകാർ പക്ഷപാതം കാണിക്കുന്നതിന്റെ തെളിവാണിതെന്ന് ലസിത പറയുന്നു.
നേരത്തെയും സ്ത്രീകൾക്കെതിരെ അധിക്ഷേപവുമായി സാബു രംഗത്തെത്തിയിരുന്നു.കലാഭവൻ മണിയുടെ കുടുംബത്തിനെതിരെയും ഇയാൾ അസഭ്യവർഷം നടത്തിയിരുന്നു.സിപിഎം കാരനായതു കൊണ്ടാണ് ഇയാൾക്കെതിരെ നടപടിയുണ്ടാകാത്തതെന്നാണ് ആരോപണം. അതേസമയം മതതീവ്രവാദ സംഘടനയുടെ അനുഭാവിയാണ് ഇയാളെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.