തിരുവനന്തപുരം: മൂന്നാര്‍ മേഖലയിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് എന്‍ഒസി നല്കുന്ന വിഷയത്തില്‍ സബ്കളക്ടറെ തള്ളി മുഖ്യമന്ത്രി നിയമസഭയില്‍. സര്‍ക്കാര്‍ ഉത്തരവ് ശരിയായ രീതിയിലല്ല സബ് കളക്ടര്‍ താഴേയ്ക്ക് നല്‍കിയത്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കും. മൂന്നാറിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട്ട നിര്‍മ്മാണത്തിന് എന്‍.ഒ.സി. നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ഒസി ആവശ്യമാക്കിയ നടപടിയില്‍ നിന്നും പിന്നോട്ട് പോകാനാവില്ലെന്നു റവന്യുമന്ത്രി ഈ ചന്ദ്രശേഖരനും വ്യക്തമാക്കി.
മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വീട് നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി കാണിച്ച് കെ.എം.മാണി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മെയ് 26ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് മൂന്നാര്‍ മേഖലയിലെ ഭവനനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയത്.