പട്ന: അഭിഭാഷകനെ പ്രണയിച്ചതിന്റെ പേരില്‍, മകളെ വീട്ടു തടങ്കലിലാക്കിയ ജഡ്ജിക്കെതിരെ പട്ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഘഗാരിയ ജില്ല കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കോടതി കേസെടുത്തത്. നിയമ വിദ്യാര്‍ത്ഥിനിയാണ് സുഭാഷ് ചന്ദ്രയുടെ മകളായ തേജസ്വിനി(24). പെണ്‍കുട്ടിയെ അകാരണമായി വീട്ടുതടങ്കലില്‍ വച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സുഭാഷ് ചന്ദ്രക്കെതിരെ കോടതി സ്വമേധയാ കേസെടുത്തത്.
സിദ്ധാര്‍ത്ഥ് ബന്‍സാല്‍ എന്ന യുവാവുമായി മകളുടെ പ്രണയം അറിഞ്ഞതോടെയാണ് സുഭാഷ് ചന്ദ്ര മകളെ പൂട്ടിയിട്ടത്. സുപ്രീംകോടതിയില്‍ അഭിഭാഷകനാണ് സിദ്ധാര്‍ത്ഥ്. 2012ലാണ് സിദ്ധാര്‍ത്ഥും തേജസ്വിനിയും തമ്മില്‍ പരിചയപ്പെടുന്നത്. പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയപ്പോഴാണ് പരിചയപ്പെടുന്നതും പിന്നീട് പ്രണയമാകുന്നതും.
കഴിഞ്ഞ മാസം അമ്മയോടൊപ്പം ഒരു പരീക്ഷ എഴുതാന്‍ തേജസ്വിനി ഡല്‍ഹിയിലെത്തിയിരുന്നു. ഈ സമയം ഇരുവരും തമ്മില്‍ നേരില്‍ കണ്ടിരുന്നു. ഇതോടെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അമ്മ തേജസ്വിനിയോടൊപ്പം നാട്ടിലേക്ക് തിരികെ പോയി.
വീട്ടിലെത്തിയ തേജസ്വിനിയെ സുഭാഷ് ചന്ദ്ര മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടി ഇടുകയും ചെയ്തു. വിവരമറിഞ്ഞ് വീട്ടിലെത്തിയ സിദ്ധാര്‍ത്ഥിനോട് സിവില്‍ സര്‍വന്റോ, ജഡ്ജിയോ ആയാല്‍ മാത്രമേ മകളെ വിവാഹം ചെയ്തു തരികയുള്ളു എന്നും ഇയാള്‍ പറഞ്ഞു. ഇതോടെ സിദ്ധാര്‍ത്ഥ് ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്കി.
ഡിജിപി ഘഗാരിയ എസ്.പി മീനാകുമാരിക്ക് അന്വേഷണ ചുമതല നല്‍കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള വനിത പൊലീസ് സംഘം എത്തിയാണ് തേജസ്വിനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.