മുംബൈ : ഊബറിൽ യാത്ര ചെയ്യുന്നതിനിടെ മാദ്ധ്യമ പ്രവർത്തകയെ സഹയാത്രിക ആക്രമിച്ചു.ഊബറിന്റെ ഷെയർ ടാക്സിയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം . ഫിലിം ഫെയറിൽ ജോലി ചെയ്യുന്ന ഉഷ്ണോത പോളിനാണ് മർദ്ദനമേറ്റത്.
ടാക്സിയിൽ കയറിയപ്പോൾ മുതൽ സഹയാത്രിക മോശമായി പെരുമാറി തുടങ്ങിയെന്ന് ഉഷ്ണോത പറയുന്നു. വളരെ മോശമായ ഭാഷ ഉപയോഗിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും അവർ ട്വിറ്ററിൽ കുറിച്ചു. പിന്നീട് വംശീയമായി അധിക്ഷേപിച്ചപ്പോഴാണ് പ്രതികരിച്ചത് . തുടർന്ന് കയ്യിലും മുഖത്തും ശരീരത്തും മാന്ത്രി മുറിവേൽപ്പിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തതായും ഉഷ്ണോത പറയുന്നു.
ഇതോടെ ഉഷ്ണോത പോലീസിൽ പരാതി നൽകുകയായിരുന്നു. മുംബൈ പൊലീസ് വളരെ നന്നായാണ് പ്രതികരിച്ചത് .സഹയാത്രികയുടെ വിവരം നൽകാൻ അവർ ഊബറിനോട് ആവശ്യപ്പെട്ടു. എന്നാൽ ഊബർ അതിനു തയ്യാറായീട്ടില്ലെന്നും ഉഷ്ണോത പറയുന്നു.
ഇതോടെ ട്വിറ്ററിൽ ഊബറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഊബറിന്റെ ടാക്സിയിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ ഉത്തരവാദിത്വം ഊബറിനില്ലേ എന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.