കൊച്ചി: കോട്ടയത്തെ കെവിന്റെ കൊലപാതകക്കേസില്‍ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എഎസ്ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം. ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ പൊലീസുകാരോട് കോടതി വിശദീകരണം തേടിയിരുന്നു. കെവിന് കേസിലെ മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയതിന് ഷാനുവിന്റെ മൊഴിയോ സാക്ഷി മൊഴികളോ ഇല്ലാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏറ്റുമാനൂര്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇരുവരും കൈക്കൂലി വാങ്ങിയെന്നതിന്റെ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഏറ്റുമാനൂര്‍ കോടതി സമയം അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.