ദുബായ്: യുഎഇയില്‍ തൊഴിൽ തർക്കം നിലനിൽക്കുന്ന കമ്പനികൾക്ക് വിസ ക്വോട്ട അനുവദിക്കില്ലെന്ന് അധികൃതർ. തൊഴിലാളികൾക്കു വേതനം കുടിശികയാക്കിയതായി പരാതി ലഭിച്ചാൽ തൊഴിലുടമയ്ക്കു വിസ ക്വോട്ട അനുവദിക്കില്ല.
തൊഴിലുടമയ്ക്ക് ഒന്നിലധികം സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കൊന്നും വർക്ക് പെർമിറ്റ് നൽകേണ്ടതില്ലെന്നാണ് മനുഷ്യവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ തീരുമാനം. തൊഴിലാളികൾക്കു കൃത്യമായി വേതനം നൽകുക, അനുയോജ്യ താമസയിടം ഒരുക്കുക എന്നിവ തൊഴില്‍ വിസ ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളാണ്.
കമ്പനി രേഖകളിൽ ഒപ്പുവയ്ക്കാൻ ചുമതലപ്പെട്ടവരുടെയും പങ്കാളികളുടെയും പേരിൽ നിയമലംഘനങ്ങൾ ഉണ്ടെങ്കിലും മന്ത്രാലയ ഇടപാടുകളെ ബാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.