തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ശനിയാഴ്ചയാണ് അദ്ദേഹം വിരമിക്കുന്നത്.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ടോം ജോസിന് നിയമനം നല്കാന് തീരുമാനിക്കുന്നത്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. 2020 മെയ് 31 വരെ സര്‍വീസുണ്ട്. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
കേരള കേഡര്‍ എഎഎസ് ഉദ്യോഗസ്ഥരായ എ.കെ.ദുബെ, അരുണ സുന്ദരരാജ് എന്നിവര്‍ ടോം ജോസിനെക്കാള്‍ മുതിര്‍ന്നവരാണെങ്കിലും ഇരുവരും ഇപ്പോള്‍ കേന്ദ്ര സര്‍വീസിലാണ്. ഇവര്‍ സംസ്ഥാനത്തേക്ക് തിരിച്ചു വരാത്ത സാഹചര്യത്തിലാണ് ടോം ജോസിനെ പരിഗണിച്ചത്.