കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവ് നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരുടെ ഹര്‍ജി തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനും എതിരെയുള്ള കേസ്. പള്‍സര്‍ സുനി ഇവരെ ഫോണ്‍ ഏല്‍പ്പിച്ചതായാണ് കണ്ടെത്തല്‍.ഇവരെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ദൃശ്യങ്ങളൊഴികെയുള്ള പ്രധാനരേഖകളെല്ലാം നല്കാന് കോടതി നേരത്തെ ഉത്തരവിട്ടതാണ്. എന്നാല്‍ പ്രതിഭാഗം കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെന്നും, ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി പറഞ്ഞു. പ്രതിഭാഗം സഹകരിച്ചാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് കോടതി നേരത്തെയും പറഞ്ഞിരുന്നു.