ന്യൂഡൽഹി: ഇന്ത്യയും ജര്‍മനിയും തമ്മില്‍ വ്യോമയാന മേഖലയിലെ സഹകരണത്തിന് ഒറ്റ ലക്ഷ്യത്തോടെയുള്ള സംയുക്ത പ്രഖ്യാപനം എന്ന തലക്കെട്ടില്‍ ധാരണാപത്രം ഒപ്പിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇന്ത്യയ്ക്കും ജര്‍മനിക്കും ഇടയില്‍ സുരക്ഷിതവും ഫലപ്രദവും കാര്യക്ഷമവുമായ വ്യോമഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനാണ് സംയുക്ത പ്രഖ്യാപനം.
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള വ്യോമയാന ബന്ധത്തില്‍ ഒറ്റ ലക്ഷ്യത്തോടെയുള്ള സംയുക്ത പ്രഖ്യാപനം എന്നു പേരിട്ട ധാരണാപത്രം സുപ്രധാനമായ നാഴികക്കല്ലാണ്. വന്‍തോതിലുള്ള വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, സാംസ്കാരിക വിനിമയങ്ങള്‍ എന്നിവ രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ വര്‍ധിക്കാനും ഇതിടയാക്കും.
വ്യോമയാന മേഖലയില്‍ വിജ്ഞാന വിനിമയവും അനുഭവസമ്പത്തും സഹകരണവും പ്രോല്‍സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഈ സംയുക്ത പ്രഖ്യാപനത്തിലൂടെ വഴിയൊരുക്കാനും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും രണ്ട് രാജ്യങ്ങളും സന്നദ്ധത വ്യക്തമാക്കി. വിവിധ മേഖലകളില്‍ പരസ്പര സഹകരണം പ്രോല്‍സാഹിപ്പിക്കുകയും സുഗമമാക്കുകയുമാണ് ഏകലക്ഷ്യത്തോടെയുള്ള ഈ സംയുക്ത പ്രഖ്യാപനത്തിന്റെ മുഖ്യ ലക്ഷ്യം.
1. വ്യോമയാന സുരക്ഷയും വ്യോമ ഗതാഗതം കൈകാര്യം ചെയ്യലും.
വ്യോമയാന സുരക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും മികച്ച അനുഭവങ്ങളും പങ്കുവയ്ക്കുകയും സെമിനാറുകളിലൂടെയും ചര്‍ച്ചകളിലുടെയും സന്ദര്‍ശനങ്ങളിലൂടെയും ക്രമപ്രകാരമുള്ള മറ്റ് ആശയവിനിമയങ്ങളിലൂടെയും വ്യോമ ഗതാഗതം കൈകാര്യം ചെയ്യല്‍, സുരക്ഷ എന്നിവയുടെ സുരക്ഷിത മേല്‍നോട്ടം.
2. ചെറിയ വിമാനത്താവളങ്ങളും ഹെലിക്കോപ്റ്ററുകളും അടിയന്തര വൈദ്യസേവനങ്ങള്ക്ക് വിനിയോഗിക്കല്‍ ( എച്ച്ഇഎംഎസ്).
ചെറിയ വിമാനത്താവളങ്ങളും ഹെലിക്കോപ്റ്ററുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും മികച്ച അനുഭവങ്ങളുടെയും പങ്കുവയ്ക്കല്‍.
3. നിയന്ത്രണവും നയവും.
സുപ്രധാന വിഷയങ്ങളില്‍ രാജ്യാന്തര സിവില്‍ വ്യോമയാന സംഘടനയില്‍ തുടര്‍ സഖ്യം.
4. കോര്‍പറേറ്റ്, വ്യവസായ വ്യോമയാന വികസനം.
വ്യവസായത്തിനും വാണിജ്യേതര വ്യോമയാനത്തിനും വിവര സൗകര്യങ്ങള്‍ പങ്കുവയ്ക്കല്‍.
5. പരിസ്ഥിതി.
എ. സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള പ്രത്യേക ഊന്നലോടെ വിമാനത്താവളങ്ങളില്‍ ഗവണ്മെന്റിന്റെ മേല്‍നോട്ട സംബന്ധമായ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍.
ബി. പരിസ്ഥിതി വ്യതിയാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കുകയും ആഭ്യന്തര- അന്താരാഷ്ട്ര തലങ്ങളില്‍ ഒരുപോലെ വ്യോമയാന ഹരിതഗൃഹ വാതക ( ജിഎച്ച്ജി) പ്രസരണവുമായി ബന്ധപ്പെട്ട പ്രശ്നത്തെ അഭിമുഖീകരിക്കല്‍.
6. പരിശീലനവും നൈപുണ്യ വികസനവും.
സാങ്കേതിക- സാങ്കേതികേതര സഹകരണത്തിലും പരിശീലനത്തിലും പ്രത്യേകിച്ച് വ്യോമയാന സുരക്ഷാ മേല്‍നോട്ടത്തില്‍ പങ്കാളിത്തം സാധ്യമാക്കുക.